Pavaratty

Total Pageviews

5,985

Site Archive

മാര്‍പാപ്പക്കൊപ്പം മാര്‍ ക്ലീമിസ് ബലിയര്‍പ്പിച്ചു;

Share it:
മാര്‍പാപ്പയോടുള്ള ആത്മീയ കൂട്ടായ്മയും സംസര്‍ഗവും ഉറക്കെ പ്രഖ്യാപിച്ച് ബസേലിയോസ് മാര്‍ ക്ലീമിസ് അടക്കമുള്ള പുതിയ കര്‍ദിനാള്‍മാര്‍ അദ്ദേഹത്തോടൊപ്പം വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു.
ഭാരതത്തിന്റെ സമ്പന്നമായ പൈതൃകത്തിനുള്ള വത്തിക്കാന്റെ അംഗീകാരമായി സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ രാഷ്ട്രഭാഷ മുഴങ്ങി. മാര്‍പാപ്പ ബനഡിക്ട് പതിനാറാമനോടൊപ്പം പുതിയതായി വാഴിച്ച കര്‍ദിനാള്‍മാര്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്കിടെയായിരുന്നു ലത്തീന്‍ ഭാഷയോടൊപ്പം ഹിന്ദിയുടെ അരങ്ങേറ്റം.

സുവിശേഷ വായനക്കുശേഷം നടന്ന മധ്യസ്ഥ പ്രാര്‍ഥനയാണ് ഹിന്ദിയില്‍ ക്രമീകരിച്ചത്. ഇതിനായി സി.ബി.സി.ഐ. ഹിന്ദി തര്‍ജ്ജമ നേരത്തെ തയ്യാറാക്കി വത്തിക്കാനിലെ ആരാധന സംബന്ധിച്ച കാര്യങ്ങളുടെ കാര്യാലയത്തിന്റെ അനുമതി നേടിയിരുന്നു.
പുതുതായി സ്ഥാനമേറ്റ കര്‍ദിനാള്‍മാരും പോപ്പും പങ്കെടുത്ത കുര്‍ബാനയായിരുന്നു ഞായറാഴ്ചത്തെ പ്രത്യേകത. സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ക്രിസ്തു ശിഷ്യനായ പത്രോസ് ശ്ലീഹായുടെ ശവകുടീരത്തിന് മുകളിലായാണ് പ്രധാന ബലിപീഠം.


ഈ ബലിപീഠത്തില്‍ മാര്‍പാപ്പ മാത്രമേ വിശുദ്ധബലി അര്‍പ്പിക്കാറുള്ളൂ. മാര്‍പാപ്പ എത്തുന്നതിന് മുമ്പായി മാര്‍ ക്ലീമിസ് അടക്കമുള്ള അഭിനവ കര്‍ദിനാള്‍മാരെ ബലിപീഠത്തിന് മുന്‍ഭാഗത്തേക്ക് ആനയിച്ചു. തുടര്‍ന്നാണ് പാപ്പയുടെ ആഗമനം. പോപ്പ് കടന്നുവരുന്നതിന് മുന്നോടിയായി അംശവടിയും കത്തിച്ച മെഴുകുതിരികളുമായി ഒരു ചെറുപ്രദക്ഷിണം പോലെ വൈദികരെത്തും. പിന്നാലെയാണ് അള്‍ത്താരയിലേക്ക് മാര്‍പാപ്പ പ്രത്യേക വാഹനത്തിലെത്തുന്നത്.

രാജകീയതയും ആധ്യാത്മിക മേല്‍സ്ഥാനീയതയും ഒത്തുചേരുന്നതിന്റെ നിദര്‍ശനമാണ് മാര്‍പാപ്പയുടെ എഴുന്നള്ളത്ത്.
പീലാത്തോസിന്റെ മുമ്പാകെ വിചാരണ ചെയ്യപ്പെടുന്ന ക്രിസ്തുവിനോട് നീ യഹൂദന്മാരുടെ രാജാവാണോയെന്ന് ചോദിക്കുന്നതും എന്റെ രാജ്യം ഐഹീകമല്ല, ആയിരുന്നെങ്കില്‍ എന്റെ പടയാളികള്‍ എന്നെ സംരക്ഷിക്കുമായിരുന്നുവെന്ന് ക്രിസ്തു ഉത്തരം പറയുന്ന ഭാഗമായിരുന്നു സുവിശേഷ വായന.

ഞാന്‍ സത്യത്തിന് സാക്ഷ്യം വഹിക്കാന്‍ വന്നതാണ്, സത്യത്തെ അറിയുന്നവര്‍ എന്റെ വചനം ശ്രദ്ധിക്കുന്നുവെന്ന വാക്യത്തോടെ സുവിശേഷ വായന അവസാനിപ്പിച്ചു. തുടര്‍ന്ന് ഈ സന്ദേശത്തിന്റെ മര്‍മം വ്യക്തമാക്കി പോപ്പ് പ്രസംഗിച്ചു. കര്‍ദിനാള്‍ ക്ലീമിസിന്റെ സഹോദരങ്ങളായ തോമസും ജോളിയും ജ്യേഷ്ഠസഹോദരന്റെ കൊച്ചുമക്കളായ തേജസും ക്രിസും കുര്‍ബാനയ്ക്കിടെ മാര്‍പാപ്പയുടെ അടുത്തെത്തി കാഴ്ച സമര്‍പ്പിച്ചു. കര്‍ദിനാളിന്റെ സഹോദരങ്ങളായ ടി.എം. മാത്യു, സിസ്റ്റര്‍ ജോയ്‌സ് എന്നിവര്‍ പാപ്പയില്‍ നിന്ന് കുര്‍ബാന സ്വീകരിച്ചു.


തിരുക്കര്‍മം വത്തിക്കാന്‍ സമയം രാവിലെ ഒമ്പതരയ്ക്കാണ് തുടങ്ങിയത്. എന്നാല്‍ അതിനും മണിക്കൂറുകള്‍ മുമ്പുതന്നെ ബസിലിക്ക നിറഞ്ഞുകവിഞ്ഞു. ആറ് കര്‍ദിനാള്‍മാരുടെയും നാടുകളില്‍ നിന്നുള്ള തീര്‍ഥാടകര്‍ ബസിലിക്ക അക്ഷരാര്‍ഥത്തില്‍ കൈയടക്കി. ഈ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിന് ദേശീയപതാക വീശി ഇന്ത്യന്‍സംഘം ഭാരതദേശീയതയുടെ ആവരണവും നല്‍കി.
കേരളത്തില്‍ നിന്ന് സ്ഥാനാരോഹണത്തിന് എത്തിയ പ്രമുഖരെല്ലാം മാര്‍പാപ്പയോടൊപ്പം കര്‍ദിനാള്‍ മാര്‍ ക്ലീമിസും പങ്കെടുത്ത കുര്‍ബാനയിലും പങ്കെടുത്ത് ധന്യത പങ്കിട്ടു.

ശിവഗിരി മഠത്തെ പ്രതിനിധീകരിച്ച സ്വാമി സൂക്ഷ്മാനന്ദ, ശാന്തിഗിരി ആശ്രമം സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട, കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ജോസ് കെ. മാണി എം.പി, പാലോട് രവി എം.എല്‍.എ. തുടങ്ങിയവര്‍ക്ക് ബസിലിക്കയുടെ പ്രധാന അള്‍ത്താരയിലെ മുന്‍വശത്തുതന്നെ സ്ഥാനം ഒരുക്കിയിരുന്നു.

മാര്‍ത്തോമ്മാ സഭയിലെ ജോസഫ് മാര്‍ ബര്‍ണബസ്, ക്‌നാനായ സമുദായത്തിന്റെ അമേരിക്കയിലെ ആയുബ് മാര്‍ സില്‍വാനോസ്, സി.എസ്.ഐ. സഭയുടെ ബിഷപ്പ് ധര്‍മ്മരാജ് റസാലം, യാക്കോബായ സഭയിലെ സ്ലീബാ കാട്ടുമങ്ങാട്ട് കോര്‍ എപ്പിസേ്കാപ്പ തുടങ്ങി സഹോദര സഭകളിലെ ബിഷപ്പുമാര്‍ക്കും അള്‍ത്താരയ്ക്ക് സമീപത്തായി പ്രത്യേക ഇരിപ്പിടം ഒരുക്കിയിരുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പ് മാര്‍ സൂസപാക്യം എന്നിവരടക്കം കേരളത്തില്‍ നിന്നും കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടെ വലിയൊരു നിരയും ബലിയില്‍ സംബന്ധിച്ചു.

പോപ്പുമായി ചേര്‍ന്നുള്ള കുര്‍ബാനയ്ക്കുശേഷം മാര്‍ ക്ലീമിസ് വത്തിക്കാന് സമീപമുള്ള പാഷണേറ്റ് ജനറലേറ്റ് ബസിലിക്കയില്‍ മലങ്കര റീത്തില്‍ കുര്‍ബാനയര്‍പ്പിച്ചു. സഭാസ്ഥാപകനായ മാര്‍ ഇവാനിയോസ് ആദ്യമായി റോമിലെത്തിയപ്പോള്‍ കുര്‍ബാനയര്‍പ്പിച്ചതും ഈ ബസിലിക്കയിലായിരുന്നു.
Share it:

EC Thrissur

church in the india

Post A Comment:

0 comments: