Pavaratty

Total Pageviews

5,987

Site Archive

കാര്യം നടക്കോളം യേശുവേ സ്തോത്രം !!

Share it:
വലിയ ഭക്തനായിരുന്നു വിദ്യാസമ്പന്നനായ കൊച്ചുബേബി. ഇടവക പള്ളിയിലെ പല സംഘടനകളിലും കൊച്ചുബേബി സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അതിനും പുറമേ ഇടവകയിലെ കരിസ്മാറ്റിക് പ്രാര്‍ഥനാ ഗ്രൂപ്പ് നയിച്ചിരുന്നതും കൊച്ചുബേബിതന്നെ. അദ്ദേഹത്തിന്‍റെ ഭക്തിയും പ്രസംഗചാതുരിയും പലരേയും ആ പ്രാര്‍ഥനാ കൂട്ടായ്മയിലേക്ക് ആകര്‍ഷിപ്പിച്ചു.

വിദ്യാസമ്പന്നനായിരുന്നെങ്കിലും കൊച്ചുബേബിക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ല. പ്രാര്‍ഥനാ കൂട്ടായ്മയിലെ എല്ലാവരും അദ്ദേഹത്തിന് നല്ലൊരു ജോലി കിട്ടാന്‍ വേണ്ടി നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടേയിരുന്നു. അത്ഭുതമെന്നു പറയട്ടെ കൊച്ചുബേബിയെക്കുറിച്ച് കേട്ടറിഞ്ഞ ഒരു നല്ല മനസ്സുള്ള മുതലാളി തന്‍റെ കമ്പനിയില്‍ കൊച്ചുബേബിക്ക് നല്ലൊരു ജോലി കൊടുത്തു.

ദിവസങ്ങള്‍ പലതും കഴിഞ്ഞു. പിന്നെ പിന്നെ പ്രാര്‍ഥനാ കൂട്ടായ്മയില്‍ കൊച്ചുബേബിയെ കാണാതായി. അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു; "ജോലിയുള്ളതുകൊണ്ട് മുമ്പത്തെപ്പോലെ പ്രാര്‍ത്ഥനക്കൊന്നും വരാന്‍ സമയം കിട്ടുന്നില്ല. "

കൂട്ടുകാരന്‍ ചോദിച്ചു; "രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെയല്ലേ ജോലിയുള്ളൂ. അതും നടന്നു പോകാവുന്ന ദൂരത്താണ് ജോലി"

ഈ ചോദ്യം കൊച്ചുബേബിക്ക് ഇഷ്ടമായില്ല. അദ്ദേഹം പറഞ്ഞു; "നിങ്ങള്‍ക്കൊന്നും അത് പറഞ്ഞാല്‍ മനസ്സിലാവില്ല. പ്രാര്‍ഥനക്ക് വരാന്‍ ആഗ്രഹമില്ലാതെയല്ല; സമയം കിട്ടാത്തതുകൊണ്ടാണ്."

കൂട്ടുകാരന്‍ ഇക്കാര്യം പ്രാര്‍ഥനാ ഗ്രൂപ്പിലെ മറ്റു കൂട്ടുകാരോട് പറഞ്ഞു. അവര്‍ ഒരു നല്ല തീരുമാനമെടുത്തു. "കൊച്ചുബേബിക്ക് പ്രാര്‍ത്ഥനക്ക് വരാന്‍ സമയം കിട്ടാന്‍ വേണ്ടി നമുക്ക് നല്ലവനായ ദൈവത്തോട് പ്രാര്‍ഥിക്കാം. നമ്മള്‍ പ്രാര്‍ഥിച്ചപ്പോള്‍ അദ്ദേഹത്തിന് നല്ല ജോലി കൊടുത്ത ദൈവം നമ്മുടെ ഈ പ്രാര്‍ഥനയും കേള്‍ക്കാതിരിക്കില്ല..." ഈ നിര്‍ദ്ദേശം എല്ലാവര്‍ക്കും സ്വീകാര്യമായി. അന്നുമുതല്‍ എല്ലാവരും കൊച്ചുബേബിക്ക് പ്രാര്‍ഥനക്ക് വരാന്‍ സമയം കിട്ടാന്‍ വേണ്ടി ശക്തമായി പ്രാര്‍ഥിക്കാന്‍ തുടങ്ങി.

അത്ഭുതമെന്നു പറയട്ടെ, കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അതാ കൊച്ചുബേബി അവിടെ സന്നിഹിതനായി. അതുകണ്ടപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. എല്ലാവരും അത്യുച്ചത്തില്‍ ദൈവത്തെ മഹത്വപ്പെടുത്താനും നന്ദി പറയാനും തുടങ്ങി. "യേശുവേ സ്തോത്രം, യേശുവേ സ്തുതി, യേശുവേ നന്ദി ... "

പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ എല്ലാവരും കൊച്ചുബേബിയുടെ അടുത്ത് വട്ടംകൂടി വിശേഷങ്ങള്‍ ചോദിച്ചു. എല്ലാവരും കൊച്ചുബേബിക്ക് വേണ്ടി പ്രാര്‍ഥിച്ച കാര്യവും അവര്‍ പറഞ്ഞു. കൊച്ചുബേബി അവരോട് വളരെ സങ്കടത്തോടെ പറഞ്ഞു, " സത്യമായും നിങ്ങളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. ഇന്നുമുതല്‍ എല്ലാ ദിവസവും നിങ്ങളുടെ കൂടെ പ്രാര്‍ഥനക്ക് വരാന്‍ എനിക്ക് ഒത്തിരി സമയം ഉണ്ടാകും. എന്‍റെ ജോലി പോയി. ജോലി കിട്ടിയപ്പോള്‍ ഞാന്‍ ദൈവത്തെ മറന്നു. അതിന്‍റെ ശിക്ഷയാണ് ഇതെന്ന് എനിക്കിപ്പോള്‍ മനസ്സിലായി."

നമ്മളില്‍ ചിലരെങ്കിലും ഈ കൊച്ചുബേബിയെപ്പോലെയല്ലേ? കാര്യം നടക്കോളം യേശുവേ സ്തോത്രം ....

പോള്‍സണ്‍ പാവറട്ടി
00971 50 5490334

Share it:

EC Thrissur

Parishioners News

No Related Post Found

Post A Comment:

0 comments: