ഏറ്റവും വിനയത്തോടെ പെരുമാറുകയും ശാന്തമായി മഹത്വപൂര്‍ണ്ണനായി നിലകൊണ്ട് സമാധാനത്തിനുവേണ്ടി പോരാടുകയും ചെയ്യുക എന്നതാണ് എപ്പോഴും സന്തോഷവാനായി കാണപ്പെടുന്നതിന്റെ രഹസ്യം എന്ന ഫ്രാന്‍സിസ് പാപ്പ വെളിപ്പെടുത്തുന്നു. ഒരു വ്യക്തിയുടെ ജീവിതത്തില്‍ സന്തോഷം സംജാതമാക്കാന്‍ പത്ത് കാര്യങ്ങളാണ് ഫ്രാന്‍സിസ് പാപ്പ പറയുന്നത്. അര്‍ജ്ജന്റീനയിലെ വീക്കിലിയായ ‘വിവ’ യ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പാപ്പയുടെ ഈ വെളിപ്പെടുത്തല്‍.
1. ജീവിക്കുക, ജീവിക്കാനനുവദിക്കുക
എല്ലാവരും ഈ സിദ്ധാന്തത്തിലധിഷ്ഠിതമായി മുന്നോട്ടു പോവുക, അതുപോലെ ഈ രീതിയില്‍ ജീവിക്കാന്‍ മറ്റുള്ളവരെ അനുവദിക്കുകയും ചെയ്യുക.
2. നിങ്ങളെ മറ്റുള്ളവര്‍ക്കായി നല്‍കുക
മറ്റുള്ളവരിലേയ്ക്ക് തുറവിയുള്ളവരായിരിക്കുക. നിങ്ങള്‍ നിങ്ങളെത്തന്നെ സ്വതന്ത്രരാക്കുകയാണെങ്കില്‍ അഹന്തയില്‍ നിന്നും നിങ്ങള്‍ക്ക് ഓടിയകലാന്‍ സാധിക്കും. നിശ്ചലമായി കെട്ടിക്കിടക്കുന്ന ജലം ദുഷിച്ചു പോവുകയേ ഉളളൂ.
3. ജീവിതത്തില്‍ ശാന്തത കൈവെടിയാതിരിക്കുക
റിക്കാര്‍ഡോ ഗിരാല്‍ഡസിന്റെ നോവലിനെ ആസ്പദമാക്കിയാണ് പാപ്പ ഇങ്ങനെ പറഞ്ഞത്. ഒരു വ്യക്തി അയാളുടെ ഭുതകാലത്തിലേയ്ക്ക് തിരിഞ്ഞുനോക്കുന്ന കഥാസന്ദര്‍ഭമുണ്ട് ഈ നോവലില്‍. അയാളുടെ യൗവനകാലത്ത് പാറകളില്‍ തട്ടി കുതിച്ചൊഴുകുന്ന നദിയായിരുന്നു അയാള്‍. മധ്യവയസ്സില്‍ അയാളുടെ ജീവിതം ഒരു പുഴ പോലെ. വാര്‍ദ്ധക്യമായപ്പോഴേയ്ക്കും വളരെ സാവധാനത്തില്‍ മാത്രം ചലിക്കാന്‍ കഴിയുന്ന, ഒരു കുളത്തിലെ വെള്ളം പോലെ നിശ്ചലമായിത്തീര്‍ന്നു അയാള്‍. പാപ്പ പറയുന്നത് ”ഏറ്റവും അവസാനം പറഞ്ഞ ചിത്രം പോലെയാകാനാണ് എനിക്കിഷ്ടം. ജീവിതത്തിന്റെ ശാന്തത അനുഭവിച്ച്, കാരുണ്യവും വിനയവും പ്രസരിപ്പിച്ച് നിലകൊള്ളാനാണ് ഞാനിഷ്ടപ്പെടുന്നത്.”
4. ഒഴിവു വേളകള്‍ ആരോഗ്യകരമായി ചെലവഴിക്കുക
ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തിന്റെ ഒഴിവു വേളകള്‍ ചെലവഴിക്കുന്നത് എഴുത്തിലും വായനയിലുമാണ്. ഒഴിവുവേളകള്‍ ഏറ്റവും ആസ്വാദ്യകരമായി തനിക്കനുഭവപ്പെടുന്നത് കുട്ടികളോടൊപ്പം കളിക്കുമ്പോഴാണെന്നും പാപ്പ പറയുന്നു. “ഉപഭോഗസംസ്‌കാരം നമ്മളെ അനാവശ്യമായ സമ്മര്‍ദ്ദത്തിലെത്തിക്കുന്നു. ഇത് ഒഴിവു വേളകളില്‍ സന്തോഷകരമായി ഇരിക്കുന്നതില്‍ നിന്നും ജനങ്ങളെ വിലക്കുന്നു. പരസ്പരം സംസാരിക്കാനും ഒന്നിച്ചിരിക്കാനുമുള്ള അവസരങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് ഇന്ന്. ടെലിവിഷന്‍ പോലെയുള്ള മാധ്യങ്ങള്‍ക്ക് അറിവുകള്‍ എത്തിക്കാന്‍ കഴിയും. പക്ഷേ പരസ്പരം ആശയവിനിമയം നടത്താന്‍ കഴിയില്ല” പാപ്പ പറഞ്ഞു.
5. ഞായറാഴ്ചകള്‍ കുടുംബത്തിനായി മാറ്റിവെയ്ക്കുക
എല്ലാ ഞായറാഴ്ചകളും കുടുംബത്തിനു വേണ്ടി മാറ്റിവെക്കാന്‍ പാപ്പ ആവശ്യപ്പെട്ടു. ജോലി ചെയ്യുന്നവര്‍ക്കും തൊഴിലാളികള്‍ക്കും ഞായറാഴ്ചകള്‍ അവധി ദിനങ്ങളാണ്.
6. യുവജനങ്ങളെ പ്രചോദനപരമായ മാന്യതയുള്ള ജോലികളില്‍ ഉള്‍പ്പെടുത്തുക
യുവജനങ്ങള്‍ക്കു വേണ്ടി അന്തസ്സും മാന്യതയുമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. “യുവജനങ്ങള്‍ക്കൊപ്പം സര്‍ഗ്ഗാത്മകരായി നിലകൊള്ളുക. തൊഴില്‍ ചെയ്തു ജീവിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാകുമ്പോള്‍ അവര്‍ മദ്യപാനത്തിലേക്കും അതുവഴി ആത്മഹത്യയിലേയ്ക്കും എത്തിച്ചേരും” യുവജനങ്ങള്‍ക്കിടയിലെ ആത്മഹത്യാ പ്രവണതയെക്കുറിച്ച് പാപ്പ ആശങ്ക പ്രകടിപ്പിച്ചു.
“അവര്‍ക്ക് ഭക്ഷണം മാത്രം മതിയാവില്ല. സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന ഭക്ഷണം അവര്‍ക്ക് മാന്യതയും നല്‍കും.”
7. പ്രകൃതിയോടു ബഹുമാനമുള്ളവരായിരിക്കുക
പ്രകൃതിയെ സ്‌നേഹിക്കാനും സംരക്ഷിക്കാനും ശീലിക്കുക. നമ്മള്‍ നേരിടുന്ന അനേകം വെല്ലുവിളികളിലൊന്നാണ് വനനശീകരണം. എല്ലാവരും സ്വയം ചോദിക്കേണ്ട ഒരു ചോദ്യം ഞാന്‍ ചോദിക്കുകയാണ്. പ്രകൃതിയോടു കാണിക്കുന്ന നീതിക്കു നിരക്കാത്തതും ക്രൂരവുമായ ഈ ഹിംസ വഴി ആത്മഹത്യയിലേക്കാണോ എല്ലാവരും നടന്നടുക്കുന്നത്?
8. നിഷേധാത്മകമായി പ്രതികരിക്കാതിരിക്കുക
മറ്റുള്ളവരെപ്പറ്റി മോശമായി സംസാരിക്കാതിരിക്കുക. അത് നമ്മുടെ തന്നെ ആത്മവിശ്വാസമില്ലായ്മയെയാണ് കാണിക്കുന്നത്. നിഷേധാത്മകമായ സംസാരം ഒഴിവാക്കുന്നതാണ് മാനസികാരോഗ്യത്തിന് നല്ലത്.
9. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാതിരിക്കുക
മറ്റുള്ളവരുടെ വിശ്വാസങ്ങളെയും ബഹുമാനിക്കുക. ആശയവിനിമയത്തിലൂടെയാണ് ഒരാള്‍ക്ക് വളരാന്‍ കഴിയുന്നത്. നമ്മുടെ സാക്ഷ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറണം. മതപരമായ പരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നത് വളര്‍ച്ചയേക്കാള്‍ തളര്‍ച്ച ഉളവാക്കാനാണ് സാധ്യത. ഓരോ വിശ്വാസികള്‍ക്കും അവരവരുടേതായ വിശ്വാസ വ്യക്തിത്വങ്ങള്‍ ഉണ്ട്. പരിവര്‍ത്തനത്തിലൂടെയല്ല, ആകര്‍ഷണത്തിലൂടെയാണ് സഭ വളര്‍ച്ച പ്രാപിക്കേണ്ടത്.
10. സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുക
സംഘര്‍ഷങ്ങളുടെയും യുദ്ധങ്ങളുടെയും ലോകത്താണ് നാമിന്നു ജീവിക്കുന്നത്. സമാധാനത്തിനുവേണ്ടിയുള്ള നിലവിളികളാണ് ഉയരേണ്ടത്. സമാധാനം ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു.
ഈ പത്തു രഹസ്യങ്ങളാണ് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ സന്തോഷം തീരുമാനിക്കുന്നതെന്നു ഫ്രാന്‍സിസ് പാപ്പ പറയുന്നു. കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിലുള്ള വിവിധ രാജ്യങ്ങളുടെ നിലപാടുകളെപ്പറ്റിയും പാപ്പ സംസാരിച്ചു. ബുവനോസ് ഐരേസില്‍ ആയിരുന്ന തന്റെ ബാല്യകാലത്തെക്കുറിച്ചും പാപ്പ ഈ അഭിമുഖത്തില്‍ അനുസ്മരിക്കുന്നുണ്ട്. തന്റെ അമ്മയെ വീട്ടുജോലികളില്‍ സഹായിക്കാനെത്തിയിരുന്ന സ്ത്രീയെക്കുറിച്ചും പാപ്പ ഓര്‍മ്മിച്ചു. അതുപോലെ വീട്ടുജോലിക്കാരെ ബഹുമാനിക്കണമെന്നും അവരെ കഷ്ടപ്പെടുത്തരുതെന്നും പാപ്പ പറയുന്നു.
Post A Comment:
0 comments: