കൊറിയയില്‍ സമ്മേളിച്ച 6-ാമത് ഏഷ്യന്‍ യുവജനസംഗമത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ :
ദൈവഹിതത്തിനു വിധേയപ്പെട്ടുകൊണ്ട്, പാപത്തെയും മരണത്തെയും ജയിച്ച സ്വര്‍ഗ്ഗാരോപിതയായ കന്യകാമറിയത്തെ അനുകരിച്ച് ദൈവരാജ്യത്തിന് അവകാശികളാകുകയാണ് നമ്മുടെ വിളി. ക്രിസ്തീയ സ്വാതന്ത്ര്യമെന്നത് പാപത്തില്‍നിന്നുള്ള മോചനം മാത്രമല്ല, ഭൗമിക യാഥാര്‍ത്ഥ്യങ്ങളെ നവമായൊരു ആത്മീയതയില്‍ കാണുന്നതുമാണ്. ദൈവത്തെയും നമ്മുടെ സഹോദരങ്ങളെയും കലവറയില്ലാത്തൊരു ഹൃദയത്തോടെ സ്നേഹിക്കുകയും, വരുവാനിരിക്കുന്ന ദൈവരാജ്യത്തെ പ്രത്യാശയോടെ പാര്‍ത്തുകൊണ്ട് ജീവിക്കുന്നതും ക്രൈസ്തവ ജീവിതത്തിന്‍റെ ഭാഗമാണ്.
സ്വര്‍ഗ്ഗാരോപണ തിരുനാളില്‍ കന്യകാനാഥയെ അമ്മയായി നാം ആദരിക്കുകയും. ജ്ഞാനസ്നാന നാളില്‍ നാം സ്വീകരിച്ച ആത്മീയ സ്വാതന്ത്ര്യം വിശ്വസ്തതയോടെ ജീവിക്കുവാനുള്ള അനുഗ്രഹം ഈ അമ്മയോട് യാചിക്കുകയും ചെയ്യുകയാണ്. ദൈവികപദ്ധതിയനുസരിച്ച് ലോകത്തെ രൂപാന്തരപ്പെടുത്തുവാനും, ലോകത്ത് ദൈവരാജ്യം സ്ഥാപിക്കുവാനും എല്ലാത്തലങ്ങളിലും ക്രിസ്തീയമായ നവീകരണം സാദ്ധ്യാമാക്കുവാനും ഇടയാകട്ടെയെന്ന് നമുക്കു പ്രാര്‍ത്ഥിക്കാം!
ഭൗതികവത്ക്കരണത്തിന്‍റെ ഇക്കാലഘട്ടത്തില്‍ ആത്മീയ സാംസ്ക്കാരിക മൂല്യങ്ങള്‍ സത്യസന്ധമായി വളര്‍ത്തുവാനും, അനാരോഗ്യകരമായ മത്സരങ്ങള്‍ ഒഴിവാക്കുവാനും യുവജനങ്ങള്‍ക്കു സാധിക്കട്ടെ. അനിയന്ത്രിതവും അവിഹിതവുമായ മാത്സര്യം നമ്മില്‍ സ്വാര്‍ത്ഥതയുടെയും സംഘട്ടനത്തിന്‍റെയും മനോഭാവം വളര്‍ത്തുമെന്നതില്‍ സംശയമില്ല. ദൈവത്തിന്‍റെ പ്രതിച്ഛായയെയും, ജീവദാതാവായ ദൈവത്തെ തരംതാഴ്ത്തുകയും, മനുഷ്യരുടെ വിശിഷ്യാ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അന്തസ്സ് ഹനിക്കുകയും, നവമായ ദാരിദ്ര്യവും, പാര്‍ശ്വത്ക്കരിക്കപ്പെട്ട തൊഴില്‍ചുറ്റുപാടും, മരണസംസ്ക്കാരവും വളര്‍ത്തുവാനും ഇടയാക്കുന്ന അമാനുഷികവും അധാര്‍മ്മികവുമായ ഇന്നിന്‍റെ തെറ്റായ സാമ്പത്തിക മാതൃകകള്‍ ഉപേക്ഷിക്കേണ്ടതുമാണ്.
ക്രൈസ്തവരായ നമുക്ക്, അത് കൊറിയയിലും ലോകത്തെവിടെയും, മഹത്തായൊരു പാരമ്പര്യം കൈമുതലായുണ്ട്. അത് വരും തലമുറയ്ക്ക് കുറവുകൂടാതെ കൈമാറുവാന്‍ വിളിക്കപ്പെട്ടവരാണ് യുവജനങ്ങള്‍.
ഇത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ദൈവവചനത്തിന്‍റെ വെളിച്ചത്തിലുള്ള മാനസാന്തരവും, പാവങ്ങളോടുള്ള പ്രതിപത്തിയും, വേദനിക്കുന്നവരോടും, ആവശ്യത്തിലായിരിക്കുന്നവരോടുമുള്ള സഹാനുഭാവവും നിങ്ങളില്‍നിന്ന് ആവശ്യപ്പെടുന്നുണ്ട്.
സ്വര്‍ഗ്ഗാരോപണത്തിരുനാളില്‍ സാവ്വത്രിക സഭയോടു ചേര്‍ന്ന് നാം മറിയത്തെ പ്രത്യാശയുടെ അമ്മയായി പ്രകീര്‍ത്തിക്കുകയാണ്. ദൈവം വാഗ്ദാനംചെയ്ത കാരുണ്യം അവിടുന്ന് ഒരിക്കലും മറക്കുകയില്ലെന്ന് മറിയത്തിന്‍റെ സ്തോത്രഗീതം നമ്മെ അനുസ്മരിപ്പിക്കുന്നു (ലൂക്കാ 1, 54-55). ദൈവം തന്‍റെ വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണെന്ന് മറിയം വിശ്വസിച്ചതിനാല്‍ ഭാഗ്യവതിയെന്ന് അവള്‍ വിളിക്കപ്പെട്ടു.
ഈ പ്രത്യാശ നമ്മുടെ ആത്മാവിന്‍റെ സുരക്ഷിതവും സുസ്ഥിരവുമായ നങ്കൂരംപോലെയാണ് (ഹെബ്ര. 6, 19). ബാഹ്യമായി നോക്കുമ്പോള്‍ സമ്പന്നമെന്നു തോന്നുകയും, എന്നാല്‍ ആന്തരികമായി ശൂന്യതയും ദുഃഖവും ഉളവാക്കുന്നതുമായ ഇന്നത്തെ ലോകത്തിന്‍റെ നിരാശയ്ക്കും ദൈവികകാരുണ്യത്തിലുള്ള വിശ്വാസക്കുറവിനും സുവിശേഷം നല്കുന്ന പ്രത്യാശ മറുമരുന്നാണ്. സഹോദരങ്ങളെ ശുശ്രൂഷിക്കുവാനും സ്നേഹിക്കുവാനും, അങ്ങനെ പ്രത്യാശയുടെ പ്രതീകങ്ങളായി ജീവിക്കുവാനും പ്രവര്‍ത്തിക്കുവാനും ദൈവമക്കളുടെ സ്വാതന്ത്ര്യത്തില്‍ വളരുവാനും സ്വര്‍ഗ്ഗാരോപിതയുടെ കൃപയും മാദ്ധ്യസ്ഥ്യവും നമുക്കു യാചിക്കാം.
Translated by Sr. Mercylift fcc
Post A Comment:
0 comments: