1. നീതിമാനും വിശ്വസ്തനും
മാര്‍ച്ച് 19-Ɔο തിയതി വ്യാഴാഴ്ച ആഗോളസഭയുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളില്‍ സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നടത്തിയ വചനപ്രഭാഷണം. വിശുദ്ധ യൗസേപ്പിതാവ് നീതിമാനും, വിശ്വസ്തനും, വിശ്വാസം ജീവിച്ചവനുമായിരുന്നെന്ന് പാപ്പാ ഫ്രാന്‍സിസ് സുവിശേഷത്തെ ആധാരമാക്കി ഉദ്ബോധിപ്പിച്ചു (മത്തായി 1, 16. 18-21. 24). വിശ്വാസം ജീവിച്ചവരെ ഹെബ്രായരുടെ ലേഖനം വിവരിക്കുന്നത് പാപ്പാ ചൂണ്ടിക്കാട്ടി, “വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ടെന്ന ബോധ്യവുമാണ്” (ഹെബ്രായര്‍ 11).
2. ദൈവികരഹസ്യങ്ങള്‍ ഉള്‍ക്കൊണ്ട മനുഷ്യന്‍
യൗസേപ്പ് വിശ്വസ്തനായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം നീതിമാനായിരുന്നെന്ന് പാപ്പാ പ്രസ്താവിച്ചു. യൗസേപ്പിതാവ് വിശ്വസിക്കുക മാത്രമല്ല, തന്‍റെ വിശ്വാസം ജീവിതത്തില്‍ പ്രകടമാക്കുകയും ചെയ്തു. അദ്ദേഹം വിശ്വാസം ജീവിച്ചു. അതുകൊണ്ടുതന്നെ ധര്‍മ്മനിഷ്ഠനുമായിരുന്നെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥത്തില്‍ മനുഷ്യനും ദൈവവുമായ യേശുവിനെ പോറ്റി വളര്‍ത്തുവാന്‍ തിരഞ്ഞെടുക്കപ്പെട്ടവനായിരുന്നു ജോസഫ്. അതിനാല്‍ അദ്ദേഹം ദൈവത്തോടു സംഭാഷിക്കുവാന്‍ യോഗ്യനായിരുന്നെന്ന് പാപ്പാ സ്ഥാപിച്ചു. അങ്ങനെ ജോസഫ് ദൈവത്തോടും മനുഷ്യരോടും ഒരുപോലെ സംവദിക്കുവാനും, ദൈവിക രഹസ്യങ്ങള്‍ ഉള്‍ക്കൊള്ളുവാനും കരുത്തുള്ളവനായിരുന്നെന്ന് പാപ്പാ വിശേഷിപ്പിച്ചു.
3. വിശ്വാസം ജീവിച്ച അപൂര്‍വ്വശൈലി
വിശുദ്ധ യൗസേപ്പിതാവിന്‍റെ വിശുദ്ധിയുടെ ജീവിതരീതികള്‍ എപ്രകാരമായിരുന്നെന്ന് പാപ്പാ വിശദീകരിച്ചു. തന്‍റെ വിശ്വാസം ജീവിച്ചുകൊണ്ടും, അത് നീതിനിഷ്ഠയോടെ പാലിച്ചുകൊണ്ടും നസ്രത്തിലെ യൗസേപ്പ് ദൈവികരഹസ്യങ്ങള്‍ മനസ്സിലാക്കുവാനും അതില്‍ പങ്കുചേരുവാനും അതു അനുദിനം ജീവിക്കുവാനും ദൈവം ഇടയാക്കി. അതിനാല്‍ യൗസേപ്പ് ഒരു സ്വപ്നക്കാരനായിരുന്നില്ല. എന്നാല്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ധ്യാനത്തിലൂടെ അദ്ദേഹം ദൈവിക രഹസ്യങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന മനുഷ്യനായിരുന്നെന്ന് പാപ്പാ വിശേഷിപ്പിച്ചു. യൗസേപ്പിന് ദൈവിക രഹസ്യങ്ങള്‍ ഉള്‍ക്കൊള്ളുവാനും, അതുവഴി ദൈവഹിതം മനസ്സിലാക്കുവാനും ദൈവത്തോടു സംസാരിക്കുവാനും കെല്പുണ്ടായിരുന്നുവെന്ന് പാപ്പാ പ്രസ്താവിച്ചു.
4. തച്ചന്‍റെ കൃത്യതയും സ്വാഭാവികതയും
തച്ചനായിരുന്ന ജോസഫ് തന്‍റെ തൊഴിലിനോടു പുലര്‍ത്തിയ വിശ്വസ്തതയും, ആത്മാര്‍ത്ഥതയും, സ്വാഭാവികതയും, കൃത്യതയും ദൈവിക കാര്യങ്ങളോടും അദ്ദേഹം പ്രകടമാക്കിയിരുന്നെന്ന് പാപ്പാ വിശദീകരിച്ചു. കൃത്യമായ അളവില്‍ തടി മുറിക്കുകയും, സൂക്ഷ്മതയോടെ അതിനെ ചെത്തിമിനുക്കുകയും, പണമിടപോലും വ്യത്യാസമില്ലാത്ത കൃത്യതയില്‍ അത് മുറിച്ച് ചേര്‍പ്പിക്കുകയും ചെയ്യുന്ന സൂക്ഷ്മത ജീവിതത്തിലും, ദൈവികകാര്യങ്ങളിലും നസ്രത്തിലെ ജോസഫ് ഒരുപോലെ പുലര്‍ത്തിയെന്ന് പാപ്പാ വിവരിച്ചു. അതുകൊണ്ടുതന്നെ തനിക്ക് നിയന്ത്രിക്കാനാവാത്ത ദൈവിക പദ്ധതികളിലേയ്ക്ക് ക്ഷമയോടെ ഇറങ്ങിച്ചെല്ലുവാനും അവയെ മനസ്സിലാക്കുവാനും ഉള്‍ക്കൊള്ളുവാനും ഈ തച്ചനു സാധിച്ചുവെന്ന് പാപ്പാ വ്യാഖ്യാനിച്ചു.
5. ദൈവികപദ്ധതികള്‍ക്ക് കാതോര്‍ത്തവന്‍
യൗസേപ്പിന്‍റെ വിശുദ്ധി അദ്ദേഹത്തിന്‍റെ അഗാധമായ വിശ്വാസത്തോടും, നീതിനിഷ്ഠയോടും, ജീവിതസമര്‍പ്പണത്തോടും, തന്‍റെ തൊഴിലിനോടു കാണിച്ച സാമര്‍ത്ഥ്യത്തോടും ബന്ധപ്പെട്ടതാണെന്ന് പാപ്പാ പ്രസ്താവിച്ചു. ദൈവം സ്വപ്നത്തിലൂടെ ജോസഫിനോടു സംസാരിച്ചുവെന്ന് മാനുഷിക ഭാഷയില്‍ പറയുമ്പോള്‍, ജോസഫ് ദൈവിക രഹസ്യങ്ങള്‍ക്ക് കാതോര്‍ക്കുകയും, അവ ഉള്‍ക്കൊള്ളുകയും, സ്വാംശീകരിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു അദ്ദേഹമെന്ന് പാപ്പാ വിവരിച്ചു. ദൈവിക രഹസ്യങ്ങളിലേയ്ക്കു ജോസഫിനെപ്പോലെ പ്രവേശിക്കുവാന്‍ നമുക്ക് ആവുമോ എന്നു വിശ്വാസികളും വൈദികരും സന്ന്യസ്തരും മെത്രാന്മാരും സഭാതലവന്മാരും ചിന്തിക്കേണ്ടതാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
6. ദൈവികരഹസ്യങ്ങള്‍ ഉള്‍ക്കൊള്ളേണ്ട സഭ
ദൈവിക രഹസ്യങ്ങള്‍ മനസ്സിലാക്കാതെയും, അത് ജനങ്ങള്‍ക്ക് വ്യാഖ്യാനിച്ചു കൊടുക്കാതെയും നാം ജനങ്ങളെ നിയമങ്ങളുടെയും നിബന്ധനകളുടെയും മുനയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും, യൗസേപ്പിതാവിന്‍റെ തിരുനാളില്‍ ആത്മപരിശോധനചെയ്യേണ്ടതാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ദൈവിക രഹസ്യങ്ങളിലേയ്ക്ക് സഭയ്ക്ക് ഇറങ്ങിച്ചെല്ലുവാന്‍ കഴിയാതെ വരുമ്പോഴാണ് അത് യഥാര്‍ത്ഥമായ ആരാധനയ്ക്ക് കഴിവില്ലാത്ത സമൂഹമായി മാറുമെന്ന് പാപ്പാ താക്കീതുനല്കി. ദൈവത്തിന് യഥാര്‍ത്ഥമായ ആരാധനയും സ്തുതിയും അര്‍പ്പിക്കണമെങ്കില്‍ വിശ്വാസികള്‍ക്കും വൈദികര്‍ക്കും മെത്രാന്മാര്‍ക്കും സഭാദ്ധ്യക്ഷന്മാര്‍ക്കും ദൈവികരഹസ്യങ്ങളും, പദ്ധതികളും മനസ്സിലാക്കുവാനും, അവ ഉള്‍ക്കൊള്ളുവാനുമുള്ള തുറവുണ്ടാകണമെന്ന് പാപ്പാ ആഹ്വാനംചെയ്തു.
7. ദൈവിക രഹസ്യങ്ങളുടെ ധ്യാനമാണ് ആരാധന
അനുദിന ജീവിതയാഥാര്‍ത്ഥ്യങ്ങളും അതുപോലെ ദൈവികരഹ്യങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളും ഒരുപോലെ ഗ്രഹിച്ചു ജീവിക്കാനുള്ള കരുത്തു നല്കണമേയെന്ന് ദൈവത്തോടു പ്രാര്‍ത്ഥിക്കണമെന്നും, ഇതു സാധിച്ചില്ലെങ്കില്‍ സഭ വലിയൊരു പ്രസ്ഥാനമായി ഒതുങ്ങുമെന്നും പാപ്പാ താക്കീതുനല്കി. സംഘടനയോ സ്ഥാപനമോ ആയി സഭ ഒരിക്കലും തരംതാഴരുതെന്നും പാപ്പാ ആഹ്വാനംചെയ്തു. സംഘടനകള്‍ നിയമങ്ങളെ ആധാരമാക്കി മുന്നോട്ടുപോകും, എന്നാല്‍ ദൈവവുമായി ഐക്യപ്പെടുന്ന ആരാധനയുടെ ശക്തിയില്ലാത്ത സംഘടനയായി സഭ മാറരുതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ദൈവിക രഹസ്യങ്ങളിലേയ്ക്കുള്ള പ്രവേശനം ഒരു സ്വപ്നാടനമല്ല, മറിച്ച് ആരാധനയാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ദൈവികരഹസ്യത്തിലേയ്ക്കു പ്രവേശിക്കാന്‍ മനുഷ്യര്‍ക്കു സാധിക്കുമ്പോള്‍ ഭാവിയുടെ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കും, ദൈവസന്നിധിയിലേയ്ക്ക് മനുഷ്യന്‍ പ്രവേശിച്ച് അവിടുത്തെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്ന അനുഭവം ലഭിക്കുമെന്ന് പാപ്പാ വിശദീകരിക്കുകയും, സഭയ്ക്ക് അതിനുള്ള കൃപ ദൈവം നല്കട്ടെയെന്നു പ്രാര്‍ത്ഥിക്കുകയുംചെയ്തു.
8 ദൈവവുമായി പാലിക്കേണ്ട ആത്മീയ ഐക്യം
തന്‍റെ വചനപ്രഭാഷണം ഉപസംഹരിച്ചത് ദൈവവുമായുള്ള ആത്മീയ ഐക്യത്തെക്കുറിച്ച് (spiritual communion) വിശദീകരിച്ചുകൊണ്ടാണ്. വിശിഷ്യാ കൊറോണ വൈറസ് മഹാമാരിയില്‍ ലോകം, പ്രത്യേകിച്ച് ഇറ്റലി ഇപ്പോള്‍ ഉഴലുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഈ ദൈവികഐക്യം നാം കൂടുതലായി ഗ്രഹിക്കുകയും സ്വാംശീകരിക്കുകയും വേണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ഇറ്റലിയില്‍ ആകമാനം ആരാധനക്രമ അനുഷ്ഠാനങ്ങളുടെയും ആരാധനയുടെ സാധ്യതകള്‍ അടഞ്ഞിരിക്കുന്ന പശ്ചാത്തലത്തില്‍, ദിവ്യബലിയെ തുടര്‍ന്ന് പാപ്പാ പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വ്വാദം നടത്തുകയുണ്ടായി. മാധ്യമങ്ങളിലൂടെ തത്സമയം നടത്തപ്പെടുന്ന പരിപാടികളില്‍ പങ്കെടുത്തുകൊണ്ട് ദൈവവുമായുള്ള ആത്മീയ ഐക്യം യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു.
9. സ്വയംപ്രേരിത പ്രാര്‍ത്ഥനയും ആശീര്‍വ്വാദവും
തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് ആത്മീയ ഐക്യത്തിനായി ദിവ്യകാരുണ്യസന്നിധിയില്‍ പ്രാര്‍ത്ഥിച്ചു. അത് സ്വയം പ്രേരിതമായിരുന്നു:
“യേശുവേ, അങ്ങേ തിരുസന്നിധിയില്‍ ഞാന്‍ അനുതാപത്തോടെ കുമ്പിടുന്നു. ശുന്യവും പാപബോധത്തിന്‍റെ ഗാധത്തില്‍ അമര്‍ന്നതുമായ എന്‍റെ ഹൃദയം അങ്ങേ സവിധത്തില്‍ ചേര്‍ക്കുന്നു. ദിവ്യസ്നേഹത്തിന്‍റെ അടയാളമായ അങ്ങേ കൂദാശയെ ഞാന്‍ ആരാധിച്ചു കുമ്പിടുന്നു. എന്‍റെ വിനീതമായ ഹൃത്തടത്തില്‍ അങ്ങയെ സ്വീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൗദാശികമായ അങ്ങേ ദൈവിക ഐക്യത്തിന്‍റെ മുന്നാസ്വാദനത്താല്‍ അങ്ങേ അരൂപിയെ എനിക്കു നല്കണമേ. എന്നില്‍ വരണമേ, എന്നില്‍ നിറയണമേ, ഓ, യേശുവേ! ഞാന്‍ അങ്ങേ സന്നിധിചേരുന്നു. അങ്ങേ സ്നേഹാഗ്നി എന്നെയും എന്‍റെ ജീവനിലും മരണത്തിലും പൂര്‍ണ്ണമായി ജ്വലിക്കട്ടെ. ഞാന്‍ അങ്ങില്‍ വിശ്വസിക്കുന്നു, അങ്ങില്‍ പ്രത്യാശിക്കുന്നു, അങ്ങേ സ്നേഹിക്കുന്നു...!” ആമേന്‍.
ഏതാനും നിമിഷത്തെ മൗനമായ പ്രാര്‍ത്ഥനയെ തുടര്‍ന്ന് പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വ്വാദം നല്കിക്കൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് വ്യാഴാഴ്ച പ്രഭാതത്തില്‍ സാന്താ മാര്‍ത്തയില്‍ അര്‍പ്പിച്ച തിരുക്കര്‍മ്മങ്ങള്‍ ഉപസംഹരിച്ചത്.
Post A Comment:
0 comments: