കമിതാക്കളുടെ ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് വിവാഹാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു. ഫെബ്രുവരി 14-ാം തിയതി വെള്ളിയാഴ്ച ലോകം ആചരിക്കുന്ന കമിതാക്കളുടെ ദിനത്തിലാണ് (Valentines’ Day-യിലാണ്) വത്തിക്കാന്‍ ആഗോളതലത്തില്‍ വിവാഹാര്‍ത്ഥികളുടെ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
കുടുംബങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ 28 രാജ്യങ്ങളില്‍നിന്നായി വിവാഹാര്‍ത്ഥികള്‍ വത്തിക്കാനില്‍ സമ്മേളിക്കുമെന്നും, പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തുമെന്നും, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ചേരുന്ന പാപ്പായുമായുള്ള കൂടിക്കാഴ്ചയില്‍, വിവാഹബന്ധത്തിന്‍റെ അഭേദ്യതയിലുള്ള വിശ്വാസം നഷ്ടപ്പെട്ട ഇന്നത്തെ ലോകത്ത് യുവജനങ്ങള്‍ അവരുടെ സ്നേഹജീവിതത്തെ ദൈവസന്നിധിയില്‍ സ്ഥിരീകരിക്കുവാനും കെട്ടുറപ്പുള്ള കുടുംബങ്ങള്‍ വാര്‍ത്തെടുക്കുവാനുമുള്ള ആഗ്രഹത്തോടെയാണ് സമ്മേളിക്കുന്നതെന്നും ഫാദര്‍ ലൊമ്പാര്‍ഡി വിശദീകരിച്ചു.
വെള്ളിയാഴ്ച പ്രാദേശികസമയം രാവിലെ 11 മണിക്ക് വിവാഹാര്‍ത്ഥിക്കുളുടെ ജീവിതാനുഭവങ്ങളുടെ പങ്കുവയ്ക്കലോടെ ആരംഭിക്കുന്ന സമ്മേലനത്തിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് കടന്നുചെല്ലുമെന്നും, അവരുമായി സംവദിക്കുന്ന പാപ്പാ, അവര്‍ക്ക് സന്ദേശം നല്കുകയും, തുടര്‍ന്നുള്ള പ്രാര്‍ത്ഥനയോടെ സമാപിക്കുന്ന സംഗമത്തിന്‍റെ അന്ത്യത്തില്‍ വിവാഹാര്‍ത്ഥികള്‍ക്ക് പാപ്പാ തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കുമെന്നും വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.
Post A Comment:
0 comments: