പാവറട്ടി സെന്റ് ജോസഫ്സ് തീർഥകേന്ദ്രത്തിലെ സാൻ ജോസ് കാരുണ്യനിധി ഒരുക്കിയ സൗജന്യ ഡയാലിസിസ് കേന്ദ്രം ഞായറാഴ്ച തുറക്കും. തീർഥകേന്ദ്രത്തിന് കീഴിലുള്ള സാൻജോസ് പാരിഷ് ആശുപത്രിയിൽ രണ്ട് നിയന്ത്രണങ്ങളോടുകൂടിയ സജ്ജീകരണങ്ങൾ പൂർത്തിയായതായി വികാരി ഫാ. ജോൺസൺ അരിമ്പൂർ, കൺവീനർ ജയിംസ് ആന്റണി ചിരിയങ്കണ്ടത്ത്, ജോയിന്റ് കൺവീനർ ഒ.ജെ.ഷാജൻ എന്നിവർ പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്ത കാരുണ്യവർഷത്തിൽ അഞ്ച് കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് പാവറട്ടി ഇടവകയിൽ സാൻ ജോസ് കാരുണ്യനിധി ലക്ഷ്യമിട്ടിരിക്കുന്നത്.
ഇതിൽ ആദ്യത്തേതാണ് 30 ലക്ഷം രൂപ ചെലവ് വരുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രം. ജാതിമത ഭേദമെന്യേ നിർധനരായ രോഗികൾക്ക് തികച്ചും സൗജന്യമായാണ് ഡയാലിസിസ് ചെയ്ത് കൊടുക്കുന്നതെന്ന് മാനേജിങ് ട്രസ്റ്റി ജോബി ഡേവിസ്, നിധിയുടെ ട്രഷറർ വി.സി.ജയിംസ് എന്നിവർ പറഞ്ഞു. ഇതിനുള്ള അപേക്ഷ പള്ളി ഓഫിസിൽ നിന്നു ലഭിക്കും. രണ്ട് യന്ത്രങ്ങളിലും കൂടി നിത്യേന 12 രോഗികൾക്ക് വരെ ഡയാലിസിസ് നടത്താനുള്ള സൗകര്യമുണ്ട്. ഓരോ വർഷവും ഇതിന് വേണ്ട അനുബന്ധ ചെലവുകൾ 15 ലക്ഷം രൂപയാണ് കണക്കാക്കിയിട്ടുള്ളത്.
ഇതും സാൻജോസ് കാരുണ്യനിധിയിൽ നിന്ന് വഹിക്കും. ഇതിന് പുറമെ വിവാഹ സഹായ പദ്ധതി, പാലിയേറ്റീവ് കെയർ, ഭവന നിർമാണം, പകൽ വീട് എന്നിവയാണ് സാൻജോസ് കാരുണ്യനിധി വിഭാവനം ചെയ്തിട്ടുള്ള മറ്റ് പദ്ധതികൾ. സൗജന്യ ഡയാലിസിസ് കേന്ദ്രം ഞായറാഴ്ച വൈകിട്ട് രണ്ടിന് സെന്റ് ആന്റണീസ് പാരിഷ് ഹാളിൽ മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്യും. മുരളി പെരുനെല്ലി എംഎൽഎ മുഖ്യാതിഥിയാകും.
Post A Comment:
0 comments: