വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ പിന്‍ഗാമിയും, ആഗോള ‘മിഷണറീസ് ഓഫ് ചാരിറ്റീസ്’ സന്ന്യാസ സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറലുമായിരുന്ന സിസ്റ്റര്‍ നിര്‍മ്മല ജോഷി കല്‍ക്കട്ടയിലെ ഭവനത്തില്‍ ജൂണ്‍ 22-ാം തിയതി തിങ്കളാഴ്ച രാത്രി അന്തരിച്ചു.
പാവങ്ങള്‍ക്കായുള്ള ശുശ്രൂഷാ ജീവിതത്തില്‍ വാഴ്ത്തപ്പെട്ട മദര്‍ തെരേസായെ വിശ്വസ്തതയോടെ പിന്‍ചെന്ന കര്‍മ്മയോഗിനിയാണ് സിസ്റ്റര്‍ നിര്‍മ്മലയെന്ന്, ഭാരതത്തിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് സാല്‍വദോര്‍ പെനാക്കിയോ ഡല്‍ഹിയില്‍ ജൂണ്‍ 24-ാം തിയതി ബുധനാഴ്ച രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചു.
81-വയസ്സുകാരിയും മദര്‍ തെരേസാ സിസ്റ്റേഴിസിന്‍റെ ആഗോള സന്ന്യാസ സമൂഹത്തെ രണ്ട്ടു പതിറ്റാണ്ടിലേറെ നിയിക്കുകയും ചെയ്ത സിറ്റര്‍ നിര്‍മ്മല ഏതാനും മാസങ്ങളായി ഹൃദ്-രോഗ സംബന്ധമായ ചികിത്സയിലായിരുന്നു. അന്തിമോപചാര ശുശ്രൂഷകള്‍ മിഷണറീസ് ഓഫ് ചാരിറ്റീസിന്‍റെ മാതൃഭവനമായ നിര്‍മ്മല ശിശുഭവനോടു ചേര്‍ന്നുള്ള ദേവാലയത്തില്‍ ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് നടത്തപ്പെട്ടു.
1934-ല്‍ റാഞ്ചിയില്‍ ജനിച്ച നിര്‍മ്മല ജോഷി 17 വയസ്സുള്ളപ്പോഴാണ് കല്‍ക്കട്ടയിലെ തെരുവുകളില്‍ പാവങ്ങളെ ശുശ്രൂഷിച്ചിരുന്ന മദര്‍ തെരേസായെ കണ്ടുമുട്ടിയത്. പരിത്യക്തരും പാവങ്ങളുമായവര്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിച്ച അമ്മയുടെ കര്‍മ്മപദ്ധതിയില്‍ പങ്കുചേര്‍ന്നുകൊണ്ടാണ് നിര്‍മ്മല ജോഷി മിഷണറീസ് ഓഫ് ചാരിറ്റീസ് (Missionaries of Charity) ആഗോള പ്രസ്ഥാനത്തിന്‍റെ ഭാഗമാകുന്നത്. ബ്രാഹ്മണ സമൂഹത്തില്‍പ്പെട്ട നിര്‍മ്മല ജോഷി പിന്നീട് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. പാവങ്ങള്‍ക്കായുള്ള തന്‍റെ പ്രത്യേക സേവനദൗത്യം തുടരുന്നതിന് മദര്‍ തെരേസാ ‘മിഷണറീസ് ഓഫ് ചാരിറ്റീസ്’ സഭ സ്ഥാപിച്ചപ്പോള്‍ അതിലെ ആദ്യ അംഗങ്ങളില്‍ ഒരാളായിരുന്നു സിസ്റ്റര്‍ നിര്‍മ്മല. തുടര്‍ന്ന് മദറിന്‍റെ അടുത്ത സഹപ്രവര്‍ത്തകയായി സഭയുടെ ക്ലേശപൂര്‍ണ്ണമായ പ്രയാണത്തില്‍ തന്‍റെ എളിയ ജീവിതം ത്യാഗത്തോടെ സമര്‍പ്പിച്ചു. 1997-ല്‍ മദര്‍ തെരേസാ അന്തരിച്ചപ്പോള്‍ സഭയുടെ ചുക്കാന്‍പിടിക്കുവാന്‍ തിരിഞ്ഞെടുക്കപ്പെട്ടു. 1952-മുതല്‍ മദര്‍ തേരേസായുടെ മൗലികവും തനിമയാര്‍ന്നതുമായ സമര്‍പ്പണപാതയിലെ സന്തതസഹചാരിയായിരുന്നു സിസ്റ്റര്‍ നിര്‍മ്മല. പിന്നീട് 1976-ല്‍ വ്യഗ്രതപ്പെട്ട തെരുവോര ശുശ്രൂഷയില്‍നിന്നും ഒഴിഞ്ഞുമാറി മിഷണറീസ് ഓഫ് ചാരിറ്റീസിന്‍റെ ധ്യാനാത്മക വിഭാഗത്തില്‍ ചേര്‍ന്നുകൊണ്ട് പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്‍റെയും തപോജീവിതം നയിക്കുകയായിരുന്നു. മദര്‍ തെരേസാ ജീവിച്ചിരിക്കുമ്പോള്‍ തന്നെ, അവസാന നാളുകളില്‍ മറ്റു സഭാംഗങ്ങളുടെ അനുമതിയോടുകൂടെയാണ് സിസ്റ്റര്‍ ജോഷിയെ പിന്‍ഗാമിയായി വിളിക്കുയും തിരഞ്ഞെടുത്ത് നിയോഗിക്കുകയും ചെയ്തത്.
Post A Comment:
0 comments: